ജിദ്ദ : സൗദി ആരോഗ്യ വകുപ്പിന്റെ നിർദേശ പ്രകാരം കൊറോണ വൈറസ് നിരീക്ഷണത്തിനായി ക്വറന്റൈനിൽ കഴിഞ്ഞിരുന്ന മലയാളി മരണമടഞ്ഞു. ഇടുക്കി താന്നിമൂട് സ്വദേശി സാബുകുമാറാണ് (52) മരണമടഞ്ഞത്. സൗദിയിൽ ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു.
ഒപ്പം താമസിച്ചിരുന്ന വ്യക്തിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശ പ്രകാരം കുറച്ചു ദിവസങ്ങൾക് മുൻപാണ് സാബുവും ചില സഹപ്രവർത്തകരും പ്രത്യേക മുറികളിൽ ക്വറന്റൈനിൽ കഴിഞ്ഞിരുന്നത്. എന്നാൽ ചൊവ്വാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം ബൈഷ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊറോണ വൈറസ് പരിശോധനാ ഫലം വന്ന് കഴിഞ്ഞാൽ മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളു എന്ന് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ പന്ത്രണ്ട് വർഷമായി സൗദിയിൽ ജോലി ചെയ്യുന്ന സാബുകുമാർ ഒന്നര വർഷം മുൻപാണ് അവധി കഴിഞ്ഞു മടങ്ങി എത്തിയത്. ഭാര്യയും രണ്ട് മക്കളും ഉണ്ട്.