മാലെ: ഇന്ത്യക്കെതിരെ മതപരമായി നീങ്ങാനുള്ള ഇസ്ലാമിക രാജ്യങ്ങളുടെ നടപടിയില്‍ സഹകരിക്കില്ലെന്ന് മാലിദ്വീപ്. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിയാണ് ഇന്ത്യക്കെതിരായ മതപരമായ സമ്മര്‍ദ്ദത്തിന് ശ്രമിക്കുന്നത്. ഇത്തരം നടപടികള്‍ക്ക് കൂട്ടുനില്‍ക്കില്ലെന്നാണ് മാലിദ്വീപ് വ്യക്തമാക്കിയത്. ഇസ്ലാമോഫോബിയ ഇന്ത്യയില്‍ രൂക്ഷമാണെന്ന പാകിസ്താന് വാദം മാലിദ്വീപ് തള്ളി.
‘മതമൗലികവാദികളും ഇസ്ലാമിക ഭീകരസംഘടനകളും പ്രചരിപ്പിക്കുന്നത് തെറ്റായ വാര്‍ത്തകളാണ്. എന്നും സഹായമായി നില്ക്കുന്ന ശക്തമായ അയല്‍രാജ്യമാണ് ഇന്ത്യ. മതപരമായും രാഷ്ട്രീയപരമായും ഇന്ത്യ എന്നും നല്ല സുഹൃത്താണെന്നും’ മാലിദ്വീപ് ഔദ്യോഗികമായി രേഖാമൂലമാണ് മറുപടി നല്‍കിയത്. ദക്ഷിണേഷ്യന്‍ മേഖലയില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും മാലിദ്വീപ് വ്യക്തമാക്കി.
ഒഐസി രാജ്യങ്ങളുടെ ദുരുദ്ദേശത്തിന് കൂട്ടുനില്‍ക്കാനാകില്ല. രാജ്യാന്തരബന്ധത്തിന് ഇത് ഒട്ടും നല്ലതല്ലെന്നും പാകിസ്താനടക്കമുള്ള രാജ്യങ്ങളുടെ താല്പ്പര്യത്തോട് യോജിക്കാനാ വില്ലെന്നും മാലിദ്വീപ് ഭരണകൂടം വ്യക്തമാക്കി.
ജമ്മുകശ്മീരിലെ ഇന്ത്യയുടെ നടപടികള്‍ക്ക് ശേഷമാണ് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ ഇന്ത്യക്കെതിരെ മതപരമായി ഇടപെടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പാകിസ്താന്റെ നിരന്തര സമ്മര്‍ദ്ദവും മതമൗലികവാദികള്‍ക്ക് സഹായകരമാണ്. മലേഷ്യയിലേക്ക് രക്ഷപെട്ട ഇസ്ലാമിക മതനേതാവും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ആത്മീയ പിന്തുണ നല്കുന്ന സക്കീര്‍ നായിക്കും ഇത്തരം രാജ്യങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.