ഡല്‍ഹി: വന്ദേഭാരത് ദൗത്യത്തില്‍ യുഎഇയില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന സര്‍വീസിന്റെ മൂന്നാം ഘട്ട ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ഈ മാസം 26നും 27നുമുള്ള വിമാനങ്ങളുടെ വിവരമാണ് പുറത്തുവിട്ടിരിക്കുന്നത്.
കേരളത്തിലെ നാല് രാജ്യാന്തര വിമാനത്താവങ്ങളിലേയ്ക്ക് ദുബായ്, അബുദാബി രാജ്യാന്തര വിമാനത്താവളങ്ങളില്‍ നിന്ന് 9 വിമാനങ്ങളാണ് സര്‍വീസ് നടത്തുക. ഈ മാസം 26ന് ഉച്ചയ്ക്ക് 12.50ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കണ്ണൂരിലേയ്ക്കാണ് ആദ്യത്തെ വിമാനം പറക്കുക. അന്നു തന്നെ ഉച്ചയ്ക്ക് 1.20ന് അബുദാബിയില്‍ നിന്ന് കോഴിക്കോട്ടേക്കും ഉച്ചയ്ക്ക് 1.50ന് ദുബായില്‍ നിന്ന് കൊച്ചിയിലേക്കും ഉച്ചയ്ക്കു ശേഷം 3.20ന് അബുദാബിയില്‍ നിന്ന് തിരുവനന്തപുരത്തേക്കും വിമാനം ഉണ്ട്.
ഈ സമയത്ത് തന്നെ ദുബായില്‍ നിന്ന് കോഴിക്കോട്ടേക്കും വൈകിട്ട് 5.20ന് ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്കും അബുദാബിയില്‍ നിന്ന് കണ്ണൂരിലേക്കും വിമാന സര്‍വീസ് ഉണ്ടാകും. 27ന് ഉച്ചയ്ക്ക് 12.20ന് അബുദാബിയില്‍ നിന്ന് കോഴിക്കോട്ടേക്കും ഉച്ചയ്ക്ക് 1.50ന് അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കും വിമാനങ്ങളുണ്ടാകും.
ഗര്‍ഭിണികള്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍, പ്രായമായവര്‍, പലവിധ അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ എന്നിവരായിരിക്കും യാത്രക്കാര്‍. രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് യാത്രക്കായി തിരഞ്ഞെടുത്തവരെ ഇന്ത്യന്‍ എംബസി, ഇന്ത്യന്‍ കോണ്‍സുലേറ്റ് എന്നിവിടങ്ങളില്‍ നിന്ന് യാത്രാവിവരം അറിയിക്കും.