തിരുവനന്തപുരം: ലോക്ക് ഡൗണ്‍ സര്‍വീസുകളില്‍ ആദ്യ രണ്ട് ദിനം കൊണ്ട് തന്നെ കെഎസ്ആര്‍ടിസിയ്ക്ക് ഒരു കോടിയിലധികം രൂപയുടെ നഷ്ടം. വ്യാഴാഴ്ച്ച മാത്രം 51.77 ലക്ഷം രൂപയാണ് കെഎസ്ആര്‍ടിസിക്കുണ്ടായ നഷ്ടം. ലോക്ക് ഡൗണിനു ശേഷം സര്‍വീസുകള്‍ പുനരാരംഭിച്ച ബുധനാഴ്ചത്തേക്കാള്‍ യാത്രാക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായെങ്കിലും പ്രതീക്ഷിച്ച വരുമാനം ഉണ്ടായില്ല.
സര്‍വീസ് നടത്തിയ ആദ്യ ദിവസം കെഎസ്ആര്‍ടിസിക്കുണ്ടായത് 59 ലക്ഷം രൂപയുടെ നഷ്ടമാണ്. ലോക്ക്ഡൗണിനു മുന്‍പ് തന്നെ കെഎസ്ആര്‍ടിസി നേരിട്ടത് വലിയ പ്രതിസന്ധിയായിരുന്നു. ലോക്ക് ഡൗണില്‍ സര്‍വീസ് മുടങ്ങിയതോടെ നഷ്ടം ഇരട്ടിയായി. എന്നാല്‍ വീണ്ടും സര്‍വീസ് ആരംഭിച്ചപ്പോഴും പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ നഷ്ടമാണ് കോര്‍പ്പറേഷനുണ്ടായത്. ആദ്യ ഷെഡ്യൂളുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഭീമമായ നഷ്ടമുണ്ടാകുമെന്ന് വിലയിരുത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ നിശ്ചയിച്ച 1800 സര്‍വീസുകള്‍ വെട്ടിക്കുറച്ച് 1319 സര്‍വീസുകളാക്കി ചുരുക്കിയിരുന്നു. രണ്ടാം ദിനം 51.77 ലക്ഷം രൂപയാണ് നഷ്ടം. സര്‍വീസ് ആരംഭിച്ച് ആദ്യ രണ്ട് ദിവസങ്ങളിലെ കണക്കാണിത്. ഇന്നലത്തെ കണക്ക് കൂടി പുറത്തു വരുമ്പോള്‍ നഷടം വര്‍ധിക്കുമെന്ന് ഉറപ്പാണ്. ജീവനക്കാരുടെ ശമ്പളം കൂടി കണക്കാക്കി ഒരു കിലോ മീറ്ററിന് 45 രൂപയാണ് കെഎസ്ആര്‍ടിസിയ്ക്ക് ലഭിക്കേണ്ടത്. ഇതില്‍ ആദ്യ ദിവസം ലഭിച്ചത് 16 രൂപ 78 പൈസ.കഴിഞ്ഞ ദിവസം 6 രൂപ 47 പൈസയുടെ വര്‍ദ്ധനവുണ്ടായെങ്കിലും കിലോമീറ്ററിന് 21 രൂപ 75 പൈസയുടെ നഷ്ടമാണ് ഉണ്ടായത്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കെഎസ്ആര്‍ടിസിയില്‍ ഈ മാസത്തെ ജീവനക്കാരുടെ ശമ്പളം നല്കണമെങ്കില് സര്‍ക്കാര്‍ കനിയണം .ഇതിനായി 69 കോടിയാണ് സര്‍ക്കാരിനോട് കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടിരിക്കുന്നത്.