ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയാനായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ താത്ക്കാലികമായി നിര്‍ത്തിച്ച ആഭ്യന്തര വിമാന സര്‍വ്വീസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ക്വാറന്റെയ്ന് നിര്‍ബന്ധമില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി. യാത്രക്കാരെ നിര്‍ബന്ധിച്ച് ക്വാറന്റെയ്നില്‍ കഴിയാന്‍ ആവശ്യപ്പെടില്ലെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കി.
എല്ലാ യാത്രക്കാരും മാസ്കും ഗ്ലൗസും ധരിക്കണമെന്നും സാനിട്ടൈസര്‍ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. മെയ് 25 മുതലാണ് ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നത്. എല്ലാ പ്രധാനപ്പെട്ട വിമാനത്താവളങ്ങളേയും ബന്ധിപ്പിച്ചാണ് സര്‍വ്വീസുകള്‍ ആരംഭിക്കുക.
ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്ന കാര്യത്തില്‍ എല്ലാ സംസ്ഥാനങ്ങളുടെയും പങ്ക് വളരെ വലുതാണെന്ന് ഹര്‍ദീപ് സിംഗ് പുരി ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
വിമാന യാത്രികര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് കര്‍ശനമായി പാലിക്കുന്നവര്‍ക്ക് മാത്രമായിരിക്കും യാത്ര നടത്താന്‍ അനുമതി ലഭിക്കുക.