അഹമ്മദാബാദ്: ഗുജറാത്തില്‍ നിന്നും മലയാളികളെ നാട്ടിലെത്തിക്കുന്നതിനായുള്ള പ്രത്യേക ട്രെയിന്‍ നീട്ടി. കേരളത്തിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ട്രെയിന്‍ സര്‍വ്വീസ് നീട്ടിയത്. ക്വാറന്റെയ്ന് സൗകര്യങ്ങള്‍ അടക്കം ഒരുക്കുന്നതില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടാണ് ട്രെയിന്‍ സര്‍വ്വീസ് നീട്ടാന്‍ കേരളം അഭ്യര്‍ത്ഥിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ് കോട്ടില്‍ നിന്നും ഇന്ന് രാത്രി പുറപ്പെടേണ്ടിരുന്ന ട്രെയിനാണ് കേരളത്തിന്റെ ആവശ്യ പ്രകാരം റദ്ദാക്കിയത്.
കേരളത്തിലേക്കെത്താന്‍ കാത്ത് നിരവധി മലയാളികളാണ് ഗുജറാത്തിലുള്ളത്. 1600 പേരുമായി രാജ്കോട്ടില്‍ നിന്നും ട്രെയിന്‍ അയക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിക്കുകയും വാപ്പി, വഡോദര എന്നിവിടങ്ങളില്‍ സ്റ്റോപ്പ് നിര്‍ണയിക്കുകയും ചെയ്തിരുന്നു. ഇവിടെ യാത്രക്കാരെ എത്തിക്കാനുള്ള ബസ് സൗകര്യവും മെഡിക്കല്‍ സ്ക്രിനിംഗ് ചെയ്യാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. എന്നാല്‍ ഇന്ന് രാവിലെയാണ് കേരളം കൂടുതല്‍ സമയം ആവശ്യപ്പെട്ട് രംഗത്തെത്തിയത്.