കൊച്ചി: കൊറോണയുമായി ബന്ധപ്പെട്ട വിശകലനത്തിനായി ശേഖരിച്ച ഡാറ്റ മുഴുവന്‍ നശിപ്പിച്ചെന്ന് സ്പ്രിംഗ്ളര്‍ കമ്പനി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്പ്രിംഗ്ളര്‍ കമ്പനി ഇക്കാര്യം അറിയിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ബാക്ക് അപ്പ് ഡേറ്റ അടക്കം എല്ലാ വിവരങ്ങളും നശിപ്പിച്ചതെന്ന് കമ്പനി നല്കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
കൊറോണ രോഗികളുടെ രോഗികളുടെ വിവര വിശകലനത്തിനായി ശേഖരിച്ച ഡാറ്റകളെല്ലാം നശിപ്പിച്ച് കളയണമെന്ന് ഏപ്രില്‍ 24 നുള്ള ഇടക്കാല ഉത്തരവില്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് ബാക്ക് അപ് ഡേറ്റ അടക്കമുള്ള കാര്യങ്ങളില്‍ ഉത്തരവില്‍ വ്യക്തയില്ലെന്ന് ചൂണ്ടിക്കാട്ടി സ്പ്രിംഗ്ളര്‍ ഹൈക്കോടതിയില്‍ വീണ്ടും ഹര്‍ജി സമര്‍പ്പിച്ചു. സര്‍ക്കാരുമായാണ് കമ്പനിയ്ക്ക് കരാര്‍ എന്നും സര്‍ക്കാര്‍ നിര്‍ദ്ദേശമില്ലാതെ ബാക്ക് അപ്പ് ഡേറ്റ നശിപ്പിക്കുന്നത് കരാര്‍ ലംഘനമാകുമെന്നും ഇക്കാര്യത്തില്‍ വ്യക്തത വേണമെന്നുമായിരുന്നു സ്പ്രിംഗ്ളര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. ഇതിനിടെ ബാക്ക് അപ്പ് ഡേറ്റ അടക്കം എല്ലാ വിവരങ്ങളും നശിപ്പിച്ചു കളയണമെന്ന് സര്‍ക്കാര്‍ സ്പ്രിംഗ്ളര്‍ കമ്പനിയോട് ആവശ്യപ്പെട്ടു.
ഉത്തരവില്‍ വ്യക്തത തേടി സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നും സ്പ്രിംഗ്ളര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കൊറോണ ഡാറ്റാ ബേസ് ഇനി സി ഡിറ്റ് കൈകാര്യം ചെയ്യുമെന്ന് സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.