തിരുവനന്തപുരം: സിപിഎം തനിക്കേര്‍പ്പെടുത്തിയ പൊളിറ്റിക്കല്‍ ക്വാറന്റൈന് അവസാനിച്ചുവെന്ന് അനില്‍ അക്കര എംഎല്‍എ. വീട്ടുതടങ്കലില്‍ നിന്ന് ഇനി കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്ക് പോവുകയാണെന്നും അനില്‍ അക്കര എംഎല്‍എ പറഞ്ഞു.
മെയ് 9 ന് വാളയാറില്‍ പാസില്ലാതെ എത്തിയവരെ സന്ദര്‍ശിച്ചതിനാണ് അനില്‍ അക്കര എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെ ക്വാറന്റൈനിലാക്കിയത്. കൊറോണ രോഗിയുമായി ഇടപഴകിയിരിക്കാം എന്ന നിഗമനത്തിലാണ് അനില്‍ അക്കര ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് ക്വാറന്റൈന് നിര്‍ദേശിച്ചത്.
അന്നേ ദിവസം വാളയാറില്‍ ഉണ്ടായിരുന്ന മലപ്പുറം സ്വദേശിയ്ക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് എംപിമാരായ വി കെ ശ്രീകണ്ഠന്, രമ്യ ഹരിദാസ്, ടി എന്‍ പ്രതാപന്, എം എല്‍ എ മാരായ ഷാഫി പറമ്പില്‍, അനില്‍ അക്കര എന്നിവര്‍ മെയ് 14 മുതല്‍ നിരീക്ഷണത്തിലേക്ക് മാറിയത്. സിപിഎം തീരുമാനപ്രകാരമാണ് കോണ്‍ഗ്രസ് ജനപ്രതിനിധികളെ മാത്രം ക്വാറന്റൈനിലേക്ക് പോകാന്‍ നിര്‍ദേശിച്ചതെന്ന് അനില്‍ അക്കര നേരത്തെ പ്രതികരിച്ചിരുന്നു.
ഗുരുവായൂരില്‍ പ്രവാസികളുമായി ഇടപഴകിയ മന്ത്രി എസി മൊയ്തീന് ക്വാറന്റൈന് വേണ്ടെന്നായിരുന്നു മെഡിക്കല്‍ ബോര്‍ഡ് നിലപാടെന്നും അനില്‍ അക്കര ചൂണ്ടിക്കാട്ടിയിരുന്നു.