കണ്ണൂര്‍ : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കുടുങ്ങിക്കിടന്ന ആളുകളുമായി മുംബൈയില്‍ നിന്നും കേരളത്തിലേക്ക് പുറപ്പെട്ട ആദ്യ തീവണ്ടി കണ്ണൂര്‍ എത്തി. മൂന്ന് മണിയോടെയാണ് തീവണ്ടി ആദ്യ സ്റ്റോപ്പായ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. തീവണ്ടിയില്‍ ഉണ്ടായിരുന്ന നാനൂറ് പേര് കണ്ണൂരില്‍ ഇറങ്ങിയിട്ടുണ്ട്.
നാല് ജില്ലകളിലെ യാത്രക്കാര്‍ ആണ് കണ്ണൂരില്‍ ഇറങ്ങിയത്. ഇവരെ കൊറോണ പരിശോധനയ്ക്ക് വിധേയമാക്കും. ശേഷം ഇവരെ പ്രത്യേക കേന്ദ്രത്തിലേക്ക് എത്തിക്കും. ഇതിനായി 15 ബസ്സുകള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. മൊത്തം 1600 യാത്രക്കാര്‍ ആണ് തീവണ്ടിയില്‍ ഉണ്ടായിരുന്നത്.
കണ്ണൂരിന് പുറമേ ഷൊര്‍ണൂര്‍, തൃശ്ശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നീ സ്റ്റേഷനുകളിലാണ് സ്റ്റോപ്പ് ഉള്ളത്. വൈകീട്ടോടെ തീവണ്ടി അവസാന സ്റ്റോപ്പായ തിരുവനന്തപുരത്ത് എത്തുമെന്നാണ് കരുതുന്നത്.
അതേസമയം യാത്രക്കാരില്‍ ഭൂരിഭാഗം ആളുകളും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്തവരെയും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവരേയും മാത്രമാണ് വീടുകളിലേക്ക് അയക്കുക. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാത്തവര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് രജിസ്റ്റര്‍ ചെയ്യണം.
യാത്രക്കാരുടെ പേരുവിവരങ്ങള്‍ ജില്ല ഭരണകൂടത്തിന്റെയോ, സര്‍ക്കാരിന്റെ കൈവശമോ ഇല്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. തീവണ്ടിക്ക് കണ്ണൂരാണോ കാസര്‍കോടാണോ സ്റ്റോപ്പ് എന്ന കാര്യത്തിലും രാവിലെവരെ ആശയക്കുഴപ്പം നിലനിന്നതും വെല്ലുവിളിയായിട്ടുണ്ട്. തീവണ്ടിയില്‍ ഇന്ന് കേരളത്തില്‍ എത്തുന്ന 1600 യാത്രക്കാരുടേയും വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ കൈവശം ഇല്ലെന്നാണ് വിവരം.