ബംഗളൂരു : കര്‍ണ്ണാടകയില്‍ എച്ച്ഐവി ബാധിതന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ബംഗളൂരൂ സ്വദേശിക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ചികിത്സയ്ക്കായി ഇയാളെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയോടെയാണ് ഇയാളെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഇയാളുടെ സ്രവങ്ങള്‍ പരിശോധനക്കായി അയച്ചു. പരിശോധനയില്‍ ഇയാള്‍ക്ക് കൊറോണ വൈറസ് ബാധയുള്ളതായി സ്ഥിരീകരിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിയ എച്ച്ഐവി ബാധിതനെ ആദ്യം കൊറോണ വാര്‍ഡിലാണ് നിരീക്ഷണത്തിനായി പാര്‍പ്പിച്ചിരുന്നത്. ഇതിനിടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇയാള്‍ നിലവില്‍ ശ്വസിക്കുന്നത് എന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇയാള്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. ഇയാള്‍ പോയ സ്ഥലങ്ങളുടെയും സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളുടെയും പട്ടിക അധികൃതര്‍ തയ്യാറാക്കി വരികയാണ്. ആദ്യമായാണ് കര്‍ണ്ണാടകയില്‍ എച്ച് ഐ വി ബാധിതന് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.