ഡല്‍ഹി: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഓഗസ്റ്റിന് മുന്‍പായി പുനരാരംഭിക്കാനാണ് ശ്രമിക്കുന്നതെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി. ഉപാധികളോടെ ആഭ്യന്തര സര്‍വീസുകള്‍ മെയ് 25 മുതല്‍ ആരംഭിക്കാന്‍ തീരുമാനിച്ചതിന് പിറകെയാണ് അന്താരാഷ്ട്ര സര്‍വീസുകള്‍ കൂടി തുടങ്ങുന്നതിനെക്കുറിച്ച് വ്യോമയാന മന്ത്രാലയം ആലോചിക്കുന്നത് .
കൊറോണ പ്രതിസന്ധി കാരണം മാര്‍ച്ച് 25 ന് നിര്‍ത്തിവെച്ച അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആഗസ്റ്റ് മാസത്തിന് മുന്‍പായി പുനരാരംഭിക്കാനാണ് വ്യോമയാന മന്ത്രാലയം ശ്രമിക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണെന്നും വേഗത്തില്‍ തന്നെ സര്‍വീസുകള്‍ തുടങ്ങാനാകുമെന്നും വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചു.
ഓരോ രാജ്യങ്ങളിലെയും നിലവിലെ അവസ്ഥയും ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങളും അനുസരിച്ചായിരിക്കും തീരുമാനമെന്നും അദ്ദേഹം പറഞ്ഞു . ആഭ്യന്തര വിമാനസര്‍വീസുകള്‍ മെയ് 25 മുതല്‍ പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. വ്യോമയാനമന്ത്രാലയം വിമാനത്താവളങ്ങള്‍ക്കും ,വിമാനകമ്പനികള്‍ക്കും നല്കിയ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരമുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരുകയാണ്.
ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നവര്‍ക്ക് മാത്രമേ യാത്രക്ക് അനുമതി നല്കു. മെയ് മുപ്പത്തിയൊന്ന് വരെ ആഭ്യന്തര സര്‍വീസുകള്‍ നിര്‍ത്തിവെക്കണമെന്ന് തമിഴ്നാടുള്പ്പടെയുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും 25 ന് തന്നെ സര്‍വീസ് ആരംഭിക്കുമെന്നും അതിനായി എല്ലാ സംസ്ഥാനങ്ങളുടെയും സഹകരണം ഉണ്ടാകണമെന്നും വ്യോമയാനമന്ത്രാലയം അറിയിച്ചു .