ന്യൂഡല്‍ഹി : വരും ദിവസങ്ങളില്‍ രാജ്യത്ത് കൂടുതല്‍ തീവണ്ടികള്‍ ഓടുമെന്ന് അറിയിച്ച് ഇന്ത്യന്‍ റെയില്‍വേ. അടുത്ത 10 ദിവസത്തിനുള്ളില്‍ രാജ്യത്ത് 2,600 തീവണ്ടി സര്‍വ്വീസുകള്‍ ആരംഭിക്കുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്മാന് വിനോദ് കുമാര്‍ യാദവ് അറിയിച്ചു. ലോക്ക് ഡൗണിനെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടന്ന വലിയ വിഭാഗം ആളുകള്‍ക്ക് ഇത് ആശ്വാസമാകുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിനോദ് കുമാര്‍ യാദവ്.
2,600 തീവണ്ടികളാണ് അടുത്ത പത്ത് ദിവസങ്ങളിലായി രാജ്യത്ത് സര്‍വ്വീസ് നടത്തുക. വിവിധയിടങ്ങളില്‍ അകപ്പെട്ട ഏകദേശം 36 ലക്ഷത്തില്‍ അധികം ആളുകള്‍ക്ക് തീവണ്ടികള്‍ പ്രയോജനപ്പെടും. നിലവില്‍ തീവണ്ടികളില്‍ റിസര്‍വ്വ് ചെയ്ത യാത്രക്കാരെ മാത്രമേ യാത്രചെയ്യാന്‍ അനുവദിക്കുകയുള്ളൂ. വിവിധ ഭാഷാ തൊഴിലാളികള്‍ക്കായി മെയ് 1 ന് ആരംഭിച്ച ശ്രമിക് തീവണ്ടികള്‍ തുടര്‍ന്നും ഇവര്‍ക്കായി സര്‍വ്വീസ് നടത്തും. മെയ് 1 മുതല്‍ മെയ് 20 വരെ 279 തീവണ്ടികള്‍ വിവിധ ഭാഷാ തൊഴിലാളികള്‍ക്കായി സര്‍വ്വീസ് നടത്തിയിട്ടുണ്ട്. 45 ലക്ഷം വിവിധ ഭാഷാ തൊഴിലാളികളെ തീവണ്ടികളില്‍ സ്വന്തം നാട്ടില്‍ എത്തിച്ചിട്ടുണ്ടെന്നും യാദവ് വിശദമാക്കി.
കൊറോണ വൈറസ് വ്യാപനത്തിന്റ പശ്ചാത്തലത്തില്‍ 24 മണിക്കൂറും ഇന്ത്യന്‍ റെയില്‍വേ ജീവനക്കാര്‍ വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്. വിവിധ ഭാഷാ തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് എത്തിക്കുക മാത്രമല്ല, രാജ്യത്ത് അവശ്യസാധനങ്ങളുടെ വിതരണവും ഇന്ത്യന്‍ റെയില്‍വേ ഉറപ്പുനല്‍കുന്നുണ്ട്. ഏത് സ്റ്റേഷനില്‍ നിന്നും തീവണ്ടികള്‍ ആരംഭിക്കാന്‍ ഇന്ത്യന്‍ റെയില്‍ വേ തയ്യാറാണെന്നും യാദവ് കൂട്ടിച്ചേര്‍ത്തു.