മുംബൈ : മഹാരാഷ്ട്രയില്‍ പിടിമുറുക്കി കൊറോണ വൈറസ് . സംസ്ഥാനത്ത് രോഗികളുടെ എണ്ണം അന്‍പതിനായിരത്തിലേക്ക് അടുക്കുന്നു. ഇതുവരെ 47, 190 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. 1500ത്തിലധികം മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,608 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 60 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊറോണയെ തുടര്‍ന്ന് 60 പേര് കൂടി മരിച്ചതോടെ സംസ്ഥാനത്ത് മരണ സംഖ്യ 1577 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതുവരെ 13,404 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടത്തുന്നത്. എന്നാല്‍ ഇതിനിടയിലും കൊറോണ രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് സംസ്ഥാനത്ത് ആശങ്ക ഉളവാക്കിയിട്ടുണ്ട്. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലേക്ക് കൊറോണ വ്യാപനം ഉണ്ടായത് സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരം ആക്കിയിരിക്കുകയാണ്.
അതേസമയം നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് വിമാന സര്‍വ്വീസുകള്‍ ഈ മാസം അവസാനം വരെ നിര്‍ത്തിവെക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.