ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6767 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 1,31,868 ആയി ഉയര്‍ന്നു. 147 മരണം 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 3,867 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് വൈറസ് ബാധ മൂലം ജീവന് നഷ്ടമായത്.
54,440 പേര് രോഗമുക്തി നേടിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 73,560 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളെയാണ് കൊറോണ ഏറ്റവും അധികം ബാധിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 47,190 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മരണ നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനവും മഹാരാഷ്ട്രയാണ്. 1577 പേരാണ് സംസ്ഥാനത്ത് രോഗബാധയെ തുടര്‍ന്ന് മരിച്ചത്.
മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സംസ്ഥാനം തമിഴ്നാടാണ്. 15,512 പേര്‍ക്ക് തമിഴ്നാട്ടില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഗുജറാത്തില്‍ 13,664 പോസിറ്റീവ് കേസുകളും ഡല്‍ഹിയില്‍ 12,910 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.