ഗ്യാംടോക്ക്: രാജ്യത്തെ ഏക കൊറോണ രഹിത സംസ്ഥാനമായ സിക്കിമിലും ആദ്യ പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ നിന്നും തിരിച്ചെത്തിയ വിദ്യാര്‍ത്ഥിക്കാണ് സിക്കിമില്‍ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സിക്കിം ആരോഗ്യ സെക്രട്ടറി ഡോ. പി ടി ഭൂട്ടിയയാണ് ഇക്കാര്യം അറിയിച്ചത്. ഡല്‍ഹിയില്‍ പഠനം നടത്തിയിരുന്ന 25 കാരനായ സൗത്ത് സിക്കിം സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
മെയ് 17 നാണ് വിദ്യാര്‍ത്ഥി സിക്കിമിലെത്തിയത്. രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ് അധികൃതര്‍. കൊറോണ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയുടെ സാമ്പിള്‍ പരിശോധനക്ക് അയച്ചത്. രോഗബാധ സ്ഥിരീകരിച്ചതോടെ ഇയാളെ എസ്ടിഎന്‍എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ പറഞ്ഞു.
രാജ്യത്ത് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുമ്പോഴും സിക്കിമില്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത് മുതല്‍ അതീവ ജാഗ്രതയിലായിരുന്നു സിക്കിം.