മുംബൈ : മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം അന്‍പതിനായിരം കടന്നു. 50,231 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചതായാണ് വിവരം. കഴിഞ്ഞ 24 മണിക്കൂറിനിടെ 58 പേര് കൊറോണയെ തുടര്‍ന്ന് മരിച്ചു.
പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. 3,041 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 58 പേര് മരിച്ചതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 1635 ആയി ഉയര്‍ന്നു.
ഇത് ആദ്യമായാണ് മഹാരാഷ്ട്രയില്‍ ഒരു ദിവസം ഇത്രയധികം ആളുകള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്ന വര്‍ധന സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനം തടയാന്‍ ശക്തമായ പ്രതിരോധ നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ അവലംബിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് നാളെ മുതല്‍ ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മെയ് 31 വരെ ആഭ്യന്തര വിമാന വിമാന സര്‍വ്വീസുകള്‍ ഉണ്ടായിരിക്കുന്നതല്ല എന്നാണ് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് സര്‍വ്വീസ് ആരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു.