ദോഹ* രണ്ടു പ്രവാസികള്‍ കൂടി ഇന്നു മരിച്ചതോടെ ഖത്തറിലെ കോവിഡ് മരണങ്ങള് 23 ആയി. മരിച്ചവരില്‍ ഒരാള്‍ അറുപത്തിയാറുകാരനും മറ്റേയാള്‍ അന്പത്തിമൂന്നുകാരനുമാണ്. മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ കൂടിയുണ്ടായിരുന്ന ഇരുവരും അതിതീവ്രപരിചരണ വിഭാഗത്തിലായിരുന്നു.
ഇന്ന് 1,501 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ കോവിഡ്ബാധിതരുടെ എണ്ണം 43,714 ആയി. 656 പേര് ഇന്ന് ആശുപത്രി വിട്ടതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 9,170 ആയി. 34,521 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇതില്‍ രോഗം രൂക്ഷമായ 1,805 പേര് മാത്രമാണ് ആശുപത്രി പരിചരണത്തിലുള്ളത്. ഇവരില്‍ 188 പേര് ഐസിയുവിലാണ്.
അവശേഷിക്കുന്നവര്‍ വിവിധ ക്വാറന്റൈന് കേന്ദ്രങ്ങളിലാണ് കഴിയുന്നത്. 24 മണിക്കൂറിനിടെ 3,349 പേരെയാണ് പരിശോധനാ വിധേയമാക്കിയത്. ഇതോടെ ആകെ കോവിഡ് ടെസ്റ്റുകള്‍ 1,88,143 ആയി.
ചെറിയ പെരുന്നാള്‍ ദിനമായ ഇന്ന് വിശ്വാസികള്‍ വീടുകളിലാണ് ഈദ് നമസ്കാരം നടത്തിയത്. ഈ മാസം 30 വരെ കര്‍ശനമായ വാണിജ്യവിലക്കാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.