ചെന്നൈ: ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും തമിഴ്നാട്ടില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. പതിനാറായിരത്തിലധികം ആളുകള്‍ക്കാണ് ഇതുവരെ തമിഴ്നാട്ടില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 16,277 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചതായ് കണക്കുകള്‍ വ്യക്തമാക്കുന്നു. 111 മരണങ്ങളും സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തമിഴ്നാട്ടില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള ജില്ല ചെന്നൈ ആണ്. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരില്‍ 60 ശതമാനം ആളുകള്‍ ചെന്നൈയില്‍ നിന്നുള്ളതാണ്. കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മാത്രം ചെന്നൈയില്‍ 587 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചെന്നൈയില്‍ മാത്രം രോഗം ബാധിച്ചവരുടെ എണ്ണം 10,576 ആയി. ചെന്നൈയിലെ കോയമ്പേട് മാര്‍ക്കറ്റില്‍ രോഗം പടര്‍ന്ന് പിടിച്ചതാണ് സ്ഥിതി ഇത്രയധികം ഗുരുതരമാകാന്‍ കാരണമായത് എന്നാണ് വിലയിരുത്തുന്നത്.
തമിഴ്നാട്ടില്‍ ഇന്ന് ആകെ 765 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 46 പേര് സംസ്ഥാനത്തിന് പുറത്തുനിന്നും എത്തിയവരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 39 പേര് മഹാരാഷ്ട്രയില്‍ നിന്നും സംസ്ഥാനത്ത് എത്തിയവരാണ്. ബംഗാളില്‍ നിന്നും എത്തിയ രണ്ട് പേര്‍ക്കും, ഡല്‍ഹി, കേരളം, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ ഓരോരുത്തര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഫിലിപ്പൈന്‍സ്, ലണ്ടന്‍ എന്നിവിടങ്ങളില്‍ നിന്നും വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി സംസ്ഥാനത്ത് എത്തിയ രണ്ട് പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കുന്നത് സമ്പര്‍ക്കം വഴിയാണ്.
തമിഴ്നാട്ടില്‍ രോഗം ബാധിച്ച 8,324 പേര് രോഗമുക്തി നേടിയിട്ടുണ്ട്. 7,839 പേരാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്.