ഹൈദരാബാദ്: വാറങ്കല്ലില്‍ 9 പേരുടെ മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെടുത്ത സംഭവം കൂട്ടക്കൊലയെന്ന് പൊലീസ്. കേസിലെ മുഖ്യപ്രതിയേയും കൂട്ടാളികളേയും പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശിയായ സഞ്ജയ് കുമാര്‍ എന്നയാളെയും സഹായികളായ മൂന്ന് പേരെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതികളെല്ലാം കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.
ചണമില്ലില്‍ നടന്ന ജന്മദിനാഘോഷത്തിനിടെ ശീതളപാനീയത്തില്‍ വിഷം കലര്‍ത്തി നല്‍കിയാണ് കൂട്ടക്കൊല നടത്തിയത്. ശേഷം നാലു പേരും ചേര്‍ന്ന് മൃതദേഹങ്ങള്‍ കിണറ്റില്‍ തള്ളുകയായിരുന്നു. മുഖ്യ പ്രതിയായ സഞ്ജയ് കുമാറും കൊല്ലപ്പെട്ടവര്‍ ജോലി ചെയ്തിരുന്ന ചണമില്ലിലെ തൊഴിലാളിയാണ്.
പശ്ചിമ ബംഗാള്‍ സ്വദേശിയായ മക്സൂദ് അലം, ഭാര്യ, മകള്‍, മകളുടെ മൂന്ന് വയസുള്ള കുഞ്ഞ്, മക്കളായ സോഹൈല്‍, ഷബാദ്, ത്രിപുര സ്വദേശിയായ അഹമ്മദ്, ബിഹാര്‍ സ്വദേശികളായ ശ്രീറാം, ശ്യാം എന്നിവരെയാണ് ദിവസങ്ങള്‍ക്ക് മുന്‍പ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുകയായിരുന്ന ബുഷ്റയും സഞ്ജയ് കരുമാറും തമ്മില്‍ അടുപ്പം ഉണ്ടായിരുന്നുവെന്നും എന്നാല്‍ അടുത്തിടെ ഈ ബന്ധത്തില്‍ നിന്നും ബുഷ്റ പിന്മാറിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ മക്സൂദിന്റെ കുടുംബത്തില്‍ ഉള്ളവരോട് വിരോധം ഉണ്ടായെന്നും പൊലീസ് വ്യക്തമാക്കി. കൊല ചെയ്യാന്‍ സഞ്ജയ് കുമാറിനെ സഹായിച്ചവര്‍ക്കും മക്സൂദിനോട് വിദ്വേഷം ഉണ്ടായിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.