ന്യൂഡല്‍ഹി : വിവാദ മത പ്രാസംഗികനും ഭീകരനുമായ സക്കീര്‍ നായിക്കിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നായിക്കിന്റെ അക്കൗണ്ടുകളിലേക്ക് കോടിക്കണക്കിന് രൂപഎത്തുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ ഈ തുക ഉപയോഗിക്കുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ പണ സമാഹരണത്തിന് 15 ലധികം അക്കൗണ്ടുകളാണ് നായിക്കനുള്ളത്. ഇതിലേക്ക് കോടിക്കണക്കിന് രൂപ എത്തുന്നതായും, വലിയ തുകകള്‍ നായിക്ക് പിന്‍വലിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഈ അക്കൗണ്ടുകളിലെ പണം ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായാണ് നായിക്ക് വിനിയോഗിക്കുന്നത് എന്നാണ് സൂചന.
ഇന്ത്യയുടെ അന്വേഷണം ഭയന്ന് മലേഷ്യയില്‍ അഭയം പ്രാപിച്ചിരിക്കുന്ന നായിക്ക് അടുത്തിടെ ഖത്തറിലുള്ള സ്നേഹിതനുമായി ബന്ധപ്പെട്ടതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. നായിക്ക് സ്നേഹിതനോട് 500,000 ഡോളര്‍ തന്റെ ചാരിറ്റി സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം സ്നേഹിതന് പണം കൈമാറിയിട്ടുണ്ടെന്നും അന്വേഷണ സംഘം പറയുന്നു. ഖത്തറിലെ പ്രമുഖ വ്യവസായിയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്നയാളാണ് നായിക്ക് പണം ആവശ്യപ്പെട്ട സ്നേഹിതന്.
അതേസമയം നായിക്കിനെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പാകിസ്താന് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇതിനായി ഇന്ത്യയോട് അകന്നു നില്ക്കുന്ന തുര്‍ക്കി, ഖത്തര്‍ എന്നീ രാജ്യങ്ങളുമായുള്ള ബന്ധം ദൃഢമാക്കാന്‍ ശ്രമം നടത്തുന്നുണ്ട്. ഇരു രാജ്യങ്ങളില്‍ നിന്നും നായിക്കിന് വേണ്ടി വന്‍ തുക പാകിസ്താന് സമാഹരിക്കാന്‍ ശ്രമം നടത്തുന്നതായും വിവരം ഉണ്ട്.