ന്യൂഡല്‍ഹി : കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ഒരു ജീവനക്കാരന് കൂടി മരിച്ചു. ആശുപത്രിയിലെ സാനിറ്റൈസേഷന്‍ സൂപ്പര്‍ വൈസറായ 58 കാരനാണ് മരിച്ചത്. കഴിഞ്ഞ ദവസം രാത്രിയോടെയായിരുന്നു സംഭവം. ജീവനക്കാരന്റെ മരണം എയിംസിലെ മുതിര്‍ന്ന ഡോക്ടര്‍മാരില്‍ ഒരാളായ ഡോ. ശ്രീനിവാസ് രാജ്കുമാര് ആണ് അറിയിച്ചത്.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഓടി നടന്ന കൊറോണ യോദ്ധാക്കളില്‍ ഒരാളെ കൂടി തങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. എയിംസിലെ സാനിറ്റൈസേഷന്‍ സൂപ്പര്‍വൈസര്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ച വിവരം വ്യസനസമേതം അറിയിക്കുന്നു. ജനങ്ങള്‍ക്കായി ജീവന് ത്യാഗം ചെയ്ത സഹപ്രവര്‍ത്തകനെ ഓര്‍ത്ത് അഭിമാനം മാത്രമാണ് ഉള്ളത്. ശ്രീനിവാസ് രാജ്കുമാര് ട്വിറ്ററില്‍ കുറിച്ചു.
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ആശുപത്രിയില ശുചീകരണ പ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ ചുമതലയും വഹിച്ചിരുന്ന ആളായിരുന്നു അദ്ദേഹം. ഇതിനിടെയാണ് കൊറോണ വൈറസ് ബാധിച്ചത്. ആരംഭം മുതലേ അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ ആശങ്ക നിലനിന്നിരുന്നു. രോഗം മൂര്‍ച്ഛിച്ചതോടെ ആരോഗ്യനില വഷളായ അദ്ദേഹത്തെ ഇന്നലെ വൈകീട്ടോടെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരവേ ആണ് മരിച്ചത്.