ഷിംല : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഹിമാചല്‍ പ്രദേശിലെ രണ്ട് ജില്ലകളില്‍ ലോക്ക് ഡൗണ്‍ നീട്ടി. ഹാമിര്‍പൂര്‍, സോളന്‍ എന്നീ ജില്ലകളിലാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. ഇരു ജില്ലകളിലും ജൂണ്‍ 30 വരെ ലോക്ക് ഡൗണ്‍ തുടരും. സംസ്ഥാന സര്‍ക്കാരാണ് ലോക്ക് ഡൗണ്‍ നീട്ടികൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
സംസ്ഥാനത്ത് ഇതുവരെ 214 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ രോഗികള്‍ ഏറ്റവും കൂടുതലുള്ള ജില്ലകളാണ് ഹാമിര്‍പൂരും സോളനും. ഈ സാഹചര്യത്തിലാണ് ഇരു ജില്ലകളിലും ലോക്ക് ഡൗണ്‍ അടുത്ത മാസം 30 വരെ തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഹാമിര്‍പൂരില്‍ 64 പേര്‍ക്കും, സോളനില്‍ 21 പേര്‍ക്കുമാണ് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് 64 പേര് രോഗമുക്തി നേടിയിട്ടുണ്ട്.
രാജ്യത്ത് നിയന്ത്രണങ്ങളില്‍ ഇളവ് നല്കുന്ന പശ്ചാത്തലത്തിലാണ് ഇരു ജില്ലകളിലും ലോക്ക് ഡൗണ്‍ നീട്ടികൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. ഇരു ജില്ലകളിലും ജൂണ്‍ 30 വരെ അവശ്യ സേവനങ്ങളും സര്‍വ്വീസുകളുമാണ് അനുവദിക്കുക. ലോക്ക് ഡൗണ്‍ കാലാവധി അവസാനിക്കുന്നതുവരെ ജില്ലകളില്‍ പൊതുഗതാഗതം ആരംഭിക്കില്ല. വൈറസ് വ്യാപനത്തെ ഫലപ്രദമായി ചെറുക്കുന്നതിനാണ് ലോക്ക് ഡൗണ്‍ നീട്ടിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.