മുംബൈ : കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മുംബൈയില്‍ ഒരു മലയാളി കൂടി മരിച്ചു. തിരുവല്ല സ്വദേശി മത്തായി വര്‍ഗ്ഗീസ് (56) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെ മുംബൈയിലെ ഫ്ളാറ്റില്‍വെച്ചായിരുന്നു മരണം സംഭവിച്ചത്. ഇതോടെ കൊറോണ ബാധിച്ച് മുംബൈയില്‍ മരിക്കുന്ന മലയാളികളുടെ എണ്ണം അഞ്ചായി.
കഴിഞ്ഞ രണ്ട് ദിവസമായി മത്തായിക്ക് കൊറോണ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായി ഭാര്യ പറഞ്ഞു. അതിനാല്‍ മൃതദേഹം മാറ്റാന്‍ ആരും സഹായിച്ചില്ല. തുടര്‍ന്ന് വിവരം അറിഞ്ഞെത്തിയ ആശുപത്രി ജീവനക്കാരാണ് മൃതദേഹം കൊണ്ടുപോയത്. ശേഷം സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചു. സ്രവപരിശോധനയില്‍ കൊറോണ ഉള്ളതായി കണ്ടെത്തുകയായിരുന്നു. മത്തായിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഭാര്യയെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
അതേസമയം മുംബൈയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം ആയിരം പിന്നിട്ടു. 1026 പേര് ഇതുവരെ മരിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് 52,667 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.