ശ്രീനഗര്‍ : ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ കൂടുതല്‍ പ്രകോപനങ്ങള്‍ സൃഷ്ടിക്കാന്‍ ഒരുങ്ങി ചൈന. ലഡാക്കിലെ നിയന്ത്രണ രേഖയില്‍ ആളില്ലാ ഹെലികോപ്ടറുകള്‍ വിന്യസിക്കാന്‍ ചൈന പദ്ധതിയിടുന്നതായാണ് പുറത്തുവരുന്ന വിവരം. ചില ചൈനീസ് മാദ്ധ്യമങ്ങളാണ് ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
പുതിയതായി നിര്‍മ്മിച്ച എആര്‍500സി ആളില്ലാ ഹെലികോപ്ടറുകളാണ് നിയന്ത്രണ രേഖയില്‍ ചൈന വിന്യസിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. രഹസ്യാന്വേഷണം, ആശയവിനിമയം, ഇലക്ട്രോണിക് തകരാറ് പരിഹരിക്കല്‍ , തീ അണയ്ക്കല്‍ തുടങ്ങിയ ദൗത്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഹെലികോപ്ടറുകളാണ് എആര്‍500 സി. ഉയര്‍ന്ന പ്രദേശങ്ങളില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി ചൈനയുടെ ഏവിയേഷന്‍ ഇന്‍ഡസ്ട്രി കോര്പ്പറേഷന് ആണ് ആളില്ലാ ഹെലികോപ്ടര്‍ നിര്‍മ്മിച്ചത്. ന്യൂക്ലിയാര്‍ റേഡിയേഷനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഹെലികോപ്ടറുകള്‍ രാസമലിനീകരണ അന്തരീക്ഷത്തിലും പ്രവര്‍ത്തിക്കും.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. രണ്ട് ആഴ്ച മുന്‍പ് പ്രദേശത്ത് ഇന്ത്യ – ചൈനീസ് സൈനികര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ചൈന അതിര്‍ത്തിയില്‍ പ്രകോപനങ്ങള്‍ സൃഷ്ടിക്കാന്‍ ആരംഭിച്ചത്. സംഭവ ശേഷം പാങ്കോംഗ് ത്സോ നദിയില്‍ ചൈന പട്രോളിംഗിനായി കൂടുതല്‍ ബോട്ടുകള്‍ വിന്യസിച്ചിരുന്നു. ഇതിന് പിന്നാലെ കൂടുതല്‍ സൈനികരെയും അതിര്‍ത്തിയില്‍ പട്രോളിംഗിനായി നിയോഗിച്ചിരുന്നു.
അതേസമയം അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യവും സ്വാധീനം ശക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ സൈനികരെ ഇന്ത്യ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ചൈനയുടെ ഏത് നീക്കവും തടയാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.