ന്യൂഡല്‍ഹി :ലോക്ഡൗണ്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ഡല്‍ഹിയില്‍ സമ്മേളനത്തില്‍ പങ്കെടുത്ത തബ്ലീഗ് ജമാഅത്തെയുടെ വിദേശ പൗരന്മാര്ക്കെതിരെ കുറ്റപത്രം . 83 വിദേശപൗരന്മാര്ക്കെതിരെയുള്ള 20 കുറ്റപത്രങ്ങള്‍ ആണ് പോലീസ് ഡല്‍ഹി സാകേത് കോടതിയില്‍ സമര്‍പ്പിക്കുന്നത് .
ഈ മാസം ആദ്യം ഡല്‍ഹി ക്രൈംബ്രാഞ്ച് 700 ഓളം വിദേശ തബ്ലീഗി ജമാഅത്ത് അംഗങ്ങളുടെ രേഖകള്‍ പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത രേഖകളില്‍ ഈ വ്യക്തികളുടെ പാസ്പോര്‍ട്ടുകളും ഉള്‍പ്പെടുന്നു. മാര്‍ച്ചില്‍ നിസാമുദ്ദീന്‍ മര്‍ക്കസില്‍ നടന്ന പരിപാടിയിലും ഈ തബ്ലീഗി ജമാഅത്ത് അംഗങ്ങളെല്ലാം പങ്കെടുത്തതായാണ് കുറ്റപത്രത്തില്‍ പറയുന്നത്.
ലോക്ഡൗണ്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് സമ്മേളനം നടത്തിയതിന്റെ പേരില്‍ ക്രൈംബ്രാഞ്ച് തബ്ലീഗി ജമാഅത്തിന്റെ തലവന്‍ മൗലാന സാദിന്റെ മകനെ ചോദ്യം ചെയ്തിരുന്നു. നിസാമുദ്ദീന്‍ മര്‍ക്കസില്‍ സമ്മേളനത്തില്‍ പങ്കെടുത്തവരെകുറിച്ച് വ്യക്തത വരുത്താനായിരുന്നു ചോദ്യം ചെയ്യല്‍ .
നിസാമുദ്ദീന്‍ മര്‍ക്കസില്‍ നടന്ന തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് 1897 ലെ എപ്പിഡെമിക് ഡിസീസ് ആക്ട് പ്രകാരം തബ്ലീഗി ജമാഅത്ത് മേധാവിക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.