ആലപ്പുഴ: കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ചെങ്ങന്നൂര്‍ നഗരസഭ, പാണ്ടനാട് പഞ്ചായത്ത് എന്നിവിടങ്ങളിലെ മൂന്ന് വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ജില്ലയില്‍ ആദ്യമായാണ് കണ്ടെയ്ന്മെന്റ് സോണുകള്‍ പ്രഖ്യാപിക്കുന്നത്. #
പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. കൂടുതല്‍ പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ച ചെങ്ങന്നൂര്‍ താലൂക്കിലാണ് അതീവ ജാഗ്രത. പണ്ടനാട് പഞ്ചായത്തിലെ ഒന്ന്, അഞ്ച് വാര്‍ഡുകളാണ് കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്. ചെങ്ങന്നൂര്‍ നഗരസഭയിലെ മൂന്നാം വാര്‍ഡാണ് കണ്ടെയ്ന്മെന്റ് സോണ്‍. ഇവിടങ്ങളിലെ വാഹന ഗതാഗതം നിരോധിച്ചിരിക്കുകയാണ്. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ എട്ട് മണി മുതല്‍ 11 മണി വരെ തുറക്കാം. പൊതു വിതരണ കേന്ദ്രങ്ങള്‍ക്ക് ഉച്ചയ്ക്ക് രണ്ടു മണി വരെയാണ് പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളത്. മേഖലയിലെ മറ്റെല്ലാ സ്ഥാപനങ്ങളും കടകളും അടഞ്ഞു കിടക്കും.
കണ്ടെയ്ന്മെന്റ് സോണുകളില്‍ നാലു പേരില്‍ കൂടുതല്‍ കൂട്ടം കൂടി നില്‍ക്കരുതെന്നാണ് നിര്‍ദ്ദേശം. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വാകരിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. അതേസമയം മാവേലിക്കര താലൂക്കിലും പരിശോധനകള്‍ കര്‍ശനമാക്കിയിരിക്കുകയാണ്.