ന്യൂഡല്‍ഹി : കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഡല്‍ഹിയില്‍ മലയാളി നഴ്സ് അംബിക മരിച്ച സംഭവത്തില്‍ നഴ്സ് ജോലി ചെയ്തിരുന്ന ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി മകന്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് അംബികയുടെ മരണത്തിന് കാരണമായതെന്ന് മകന് അഖില്‍ പറഞ്ഞു. പിപിഇ കിറ്റുകള്‍ ശരിയായി അണുവിമുക്തം ആക്കാതെയാണ് അധികൃതര്‍ ജീവനക്കാര്‍ക്ക് നല്‍കിയിരുന്നത്. കീറിയതും പഴകിയതുമായ മാസ്കുകള്‍ ധരിച്ചാണ് ആശുപത്രി ജീവനക്കാര്‍ ജോലിചെയ്തിരുന്നത് എന്നും ഖില് വ്യക്തമാക്കി.
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ കടുത്ത അവഗണനയാണ് നേരിട്ടത്. ആരോഗ്യനില മോശമായിട്ട് പോലും അധികൃതര്‍ അംബികയെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നില്ലെന്നും അഖില്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് കോട്ടയം സ്വദേശിനി അംബിക ഡല്‍ഹിയില്‍ കൊറോണ ബാധിച്ച് മരിച്ചത്. ഡല്‍ഹിയിലെ രജൗരി ഗാര്ഡന് കല്‍റ ആശുപത്രിയിലായിരുന്നു അംബിക നഴ്സായി ജോലി ചെയ്തിരുന്നത്. കടുത്ത ചുമയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഫ്ദര്‍ജംഗ് ആശുപത്രിയിലായിരുന്നു അംബികയെ പ്രവേശിപ്പിച്ചത്.