ന്യൂഡല്‍ഹി : സ്വകാര്യ ലാബുകളെ ഉപയോഗിച്ച് കൂടുതല്‍ കൊറോണ പരിശോധനകള്‍ നടത്തിക്കൂടേയെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. കൊറോണ ടെസ്റ്റിനായി സ്വകാര്യ ലാബുകളെ കൂടി ഉള്‍പ്പെടുത്തി രാജ്യത്ത് കൂടുതല്‍ പരിശോധനകള്‍ നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. സ്വകാര്യ ലാബുകള്‍ കൊറോണ പരിശോധനയ്ക്കായി ഈടാക്കുന്നത് 4500 രൂപയാണ്. ഈ നിരക്ക് കുറച്ച് കൂടുതല്‍ പരിശോധനകള്‍ നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പരിശോധനാ കിറ്റുകളുടെ ലഭ്യത കൂടി കണക്കിലെടുത്താണ് കേന്ദ്രം സ്വകാര്യ ലാബുകളെ കൂടി ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ച് സംസ്ഥാനങ്ങളോട് ചോദിച്ചത്.
ആരോഗ്യ വകുപ്പ് ഗവേഷണ വിഭാഗം സെക്ട്രറി ഡോ ബല്‍റാം ഭാര്‍ഗവ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കത്തയച്ചിരുന്നു. മിതമായ നിരക്കില്‍ പരിശോധന നടത്തുന്നതിനെ കുറിച്ച് സ്വകാര്യ ലാബുകളുമായി ചര്‍ച്ച നടത്താനും സംസ്ഥാനങ്ങളോട് അദ്ദേഹം നിര്‍ദ്ദേശിച്ചു.