ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. കൊറോണ വ്യാപനത്തിനെതിരെയുള്ള രാജ്യത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്താനാണ് രാഹുല്‍ ഗാന്ധിയുടെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ പ്രതിരോധത്തിനായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ പരാജയമാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കൊറോണയെ മറയാക്കി വ്യാജപ്രചാരണങ്ങളിലൂടെയും വസ്തുതകളെ വളച്ചൊടിച്ചും രാഹുല്‍ ഗാന്ധി ക്യാമ്പയ്ന് നടത്തുകയാണ്. അടിസ്ഥാന രഹിതമായ അവകാശവാദങ്ങള്‍ നടത്തുന്നത് അദ്ദേഹത്തിന്റെ സ്വഭാവമായി മാറിയിരിക്കുകയാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
മറ്റ് രാജ്യങ്ങളില്‍ കൊറോണ വൈറസ് വ്യാപനവും അതു മൂലമുള്ള മരണ നിരക്കും വര്‍ധിക്കുമ്പോള്‍ ഇന്ത്യയില്‍ 137 കോടി ജനങ്ങളില്‍ 4,345 പേര്‍ക്ക് മാത്രമാണ് ജീവന് നഷ്ടമായിരിക്കുന്നത്. 41 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കൊറോണ വൈറസ് എന്ന മഹാമാരിക്കെതിരെ ഇന്ത്യ ശക്തമായി ചെറുത്തുനില്‍ക്കുന്നതിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃപാടവവും ജനങ്ങളെ ഒന്നിച്ച് നിര്‍ത്താനുള്ള ശ്രമങ്ങളുമാണെന്നും അദ്ദേഹം വ്യക്തമാക്കി.