ന്യൂഡല്‍ഹി : പാര്‍ലമെന്റേറിയനായി 50 വര്‍ഷം പൂര്‍ത്തിയാക്കിയ ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്സെയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീലങ്കയുടെ വികസനത്തില്‍ വലിയ പങ്കാണ് രജപക്സെ വഹിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഫോണ്‍ വിളിച്ചാണ് രജപക്സെയ്ക്ക് പ്രധാനമന്ത്രി അഭിനന്ദനങ്ങള്‍ അറിയിച്ചത്.
രജപക്സെയുമായി സംസാരിച്ച വിവരം പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കിയ മഹിന്ദ രജപക്സെക്ക് പ്രധാനമന്ത്രി അഭിനന്ദനങ്ങള്‍ അറിയി്ച്ചു. ശ്രീലങ്കയുടെ വികസനത്തിന് വലിയ സംഭാവന നല്കിയ അദ്ദേഹത്തിന് കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കട്ടെ എന്നും പ്രധാനമന്ത്രി ആശംസിച്ചു – പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററില്‍ കുറിച്ചു.
അഭിനന്ദനങ്ങള്‍ അറിയിച്ചതിന് പുറമേ ഇരു രാജ്യങ്ങളിലെയും സ്ഥിതിഗതികളും നേതാക്കള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ശ്രീലങ്കയ്ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായാണ് വിവരം. ഇരു നേതാക്കളും കൊറോണ വൈറസ് വ്യാപനത്തിന് ശേഷമുള്ള വ്യാപാരം സംബന്ധിച്ചും ഇരു നേതാക്കളും ചര്‍ച്ച നടത്തിയതായാണ് സൂചന.
അടുത്തിടെ അന്തരിച്ച പ്രമുഖ നേതാവ് അറുമുഖന് തൊണ്ടമാന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.