തിരുവനന്തപുരം: അറബിക്കടലില്‍ ഇരട്ട ന്യൂനമര്‍ദ്ദത്തിനു സാധ്യതയെന്ന മുന്നറിയിപ്പിന് പിന്നാലെ കേരളത്തില്‍ മഴ ശക്തമാകുന്നു. ഇന്ന് ഇടുക്കി, ആലപ്പുഴ, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ഇന്ന് അര്‍ധരാത്രി മുതല്‍ മത്സ്യബന്ധനം പൂര്‍ണ്ണമായി നിരോധിച്ചു. കടലിലുള്ള മത്സ്യതൊഴിലാളികള്‍ ഇന്ന് രാത്രിയോടെ തിരിച്ചെത്തണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി.
നാളെ തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ഉണ്ട്. അറബിക്കടലില്‍ യെമന്‍ തീരത്തിനു സമീപവും ലക്ഷദ്വീപിനു സമീപവും ന്യൂനമര്‍ദങ്ങള്‍ രൂപം കൊള്ളാനിടയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മെയ് 31 വരെ സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
തെക്ക് കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യ കിഴക്കന്‍ അറബിക്കടലിലുമാണ് ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളത്. കേരള തീരത്തിന് അടുത്തായതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. മെയ് 31 ഓട് കൂടിയാണ് ഇവിടെ ന്യൂനമര്‍ദ്ദം രൂപപ്പെടുക. മെയ് 29 ന് മധ്യപടിഞ്ഞാറന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള പടിഞ്ഞാറന്‍ അറബിക്കടലിലുമായി ന്യൂനമര്‍ദ്ദം ഉണ്ടായേക്കാം എന്നാണ് പ്രവചനം.