ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,566 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 1,58,333 ആയി ഉയര്‍ന്നു.
രാജ്യത്ത് രോഗബാധിതരുടെ എണ്ണം കൂടുമ്പോഴും രോഗമുക്തി നിരക്ക് വര്‍ധിക്കുന്നുവെന്ന കണക്കുകള്‍ ആശ്വാസമേകുകയാണ്. 42.75 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 67,692 പേര് ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. 86,110 പേരാണ് വിവിധ ഭാഗങ്ങളിലായി ചികിത്സയില്‍ ഉള്ളത്. വൈറസ് ബാധയെ തുടര്‍ന്ന് 4,531 പേര്‍ക്ക് ജീവന് നഷ്ടമായിട്ടുണ്ട്.
മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളെയാണ് രോഗബാധ ഏറ്റവും അധികം ബാധിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം കൊറോണ ബാധിതരുള്ളത്. 56,948 പേര്‍ക്ക് സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മരണ നിരക്ക് കൂടുതലുള്ള സംസ്ഥാനവും മഹാരാഷ്ട്രയാണ്. 1,897 പേര്‍ക്ക് വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് ജീവന് നഷ്ടമായിട്ടുണ്ട്.
മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സംസ്ഥാനം തമിഴ്നാടാണ്. 18,548 പേര്‍ക്ക് തമിഴ്നാട്ടില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഗുജറാത്തില്‍ 15,195 പോസിറ്റീവ് കേസുകളും ഡല്‍ഹിയില്‍ 15,257 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.