ദമ്മാം : സൗദിയിൽ കിഴക്കൻ പ്രവിശ്യയിൽ രണ്ടു മലയാളികൾ മരണമടഞ്ഞു. കൊറോണ ബാധിച്ചു ചികിത്സയിലായിരുന്ന കൊല്ലം ജില്ലയിൽ ഓച്ചിറ കൃഷ്ണപുരം തട്ടക്കാട്ടു തെക്കേതിൽ ബാബു തമ്പി (48) ജുബൈലിലും, ആലപ്പുഴ മുല്ലക്കൽ തോണ്ടൻ കുളങ്ങര ശിവഗംഗ വീട്ടിൽ മനോജ് കുമാർ (51) ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് അൽഖോബാറിലും ആണ് മരണമടഞ്ഞത്.
മനോജ് കുമാറിനെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സ്വകാര്യ കമ്പനിയിൽ ജോലിചെയ്ത് വരികയായിരുന്നു. മൃതദേഹം ദമ്മാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. വിജയൻ പിള്ള തങ്കമണി ദമ്പതികളുടെ മകനാണ്.രമ്യയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.
10 വര്‍ഷമായി ജുബൈലിലുള്ള ബാബു തമ്പി ഇന്ത്യൻ സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന വാഹനത്തിൽ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു. പനിയും ശ്വാസമുട്ടലും അനുഭവപ്പെട്ടതിനെ തുടർന്നാണ് ജുബൈല്‍ മുവാസാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ കൊറോണ സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് ശ്വാസതടസ്സത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ വെൻറിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതോടെ കൊരൊന ബാധിച്ചു സൗദിയിൽ മരിച്ച മലയാളികളുടെ എണ്ണം 28 ആയി. ഭാര്യ സുനിത. മക്കൾ വൈശാഖ്, അഖിൽ, ശ്രീരാഗ്.