ബംഗളൂരു: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കി കര്‍ണാടക. ഇതിന്റെ ഭാഗമായി അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കും ട്രെയിനുകള്‍ക്കും കര്‍ണാടക നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വൈറസ് ബാധ കൂടുതലുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ക്കാണ് നിയന്ത്രണം.
മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, മധ്യപ്രദേശ് രാജസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കും ട്രെയിനുകള്‍ക്കുമാണ് കര്‍ണാടക നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച ശേഷം സംസ്ഥാനത്തേക്ക് എത്തുന്നവരില്‍ രോഗബാധ കണ്ടെത്തിയതോടെയാണ് തീരുമാനം.
മുന്‍ഗണനാടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ രോഗികളുള്ള മഹാരാഷ്ട്രയ്ക്കാണ് കര്‍ണാടക മുന്‍ഗണന നല്‍കിയിരിക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്നെത്തിയ 30-40 ശതമാനം ആളുകളിലും വൈറസ് ബാധ സ്ഥിരീകരിച്ചതായി നിയമമന്ത്രി മധുസ്വാമി പറഞ്ഞു. മഹാരാഷ്ട്രക്ക് പിന്നാലെ ഗുജറാത്ത്, തമിഴ്നാട് സംസ്ഥാനങ്ങള്‍ക്കാണ് നിയന്ത്രണം. ഇതിനു പിന്നിലാണ് മധ്യപ്രദേശും രാജസ്ഥാനും.