കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ ആറ് പഞ്ചായത്തുകളും വടകര നഗരസഭയിലെ മൂന്ന് വാർഡുകളും നിയന്ത്രിത മേഖലകളാക്കി. ജില്ലയിൽ കൊറോണ വ്യാപകമാകുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. ഇതിന് പുറമെ പുറമേരി, വടകര, പുതിയങ്ങാടി മത്സ്യ മാർക്കറ്റുകൾ പൂട്ടാനും ജില്ലാ ഭരണകൂടം ഉത്തരവിറക്കി. മീന്‍ കച്ചവടക്കാരന് ഉള്‍പ്പെടെ ആറ് പേര്‍ക്ക് ആണ് ജില്ലയിൽ ഇന്ന് കൊറോണ സ്ഥിരീകരിച്ചത്.
സമ്പർക്കത്തിലൂടെയാണ് മീന്‍ കച്ചവടക്കാരനു രോഗം പകർന്നത്. 30 വയസ്സുള്ള തൂണേരി സ്വദേശിയായ ഇയാൾക്ക് കഴിഞ്ഞ ദിവസം കണ്ണൂരിൽ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ പ്രാഥമിക സമ്പർക്കത്തിൽനിന്നാണ് രോഗം പടർന്നത്. മെയ് 26-ന് സ്രവപരിശോധന നടത്തുകയും പോസിറ്റീവ് ആവുകയും ചെയ്തു. ചികിത്സയ്ക്കായി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് ഇയാളെ മാറ്റി.