കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ പിടിമുറുക്കി കൊറോണ. കൊറോണയെ തുടര്‍ന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് പേര് മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊറോണയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 302 ആയി. ആരോഗ്യവകുപ്പാണ് ഇക്കാര്യം അറിയിച്ചത്.
മരിച്ചവരില്‍ രണ്ട് പേര് കൊല്‍ക്കത്ത സ്വദേശികളാണ്. ഹൗറ, നാദിയ, പര്‍ഗനാസ് എന്നിവിടങ്ങളിലും ഇന്ന് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെ മാത്രം 277 പുതിയ കേസുകള്‍ സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നാലായിരം പിന്നിട്ടു.
ഇതുവരെ 4,813 പേര്‍ക്ക് കൊറോണ ബാധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 1668 പേര് രോഗമുക്തി നേടിയിട്ടുണ്ട്. വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കടുത്ത ആശങ്കയിലാണ് ജനങ്ങള്‍. കൊറോണ വൈറസ് ബാധിതരുടെ എണ്ണം താരതമ്യേന കുറവുള്ള സംസ്ഥാനങ്ങളില്‍ ഉള്‍പ്പെട്ടിരുന്ന സംസ്ഥാനം ആയിരുന്നു ബംഗാള്‍. എന്നാല്‍ കൃത്യമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാതിരുന്നത് സംസ്ഥാനത്തെ സ്ഥിതി ഗുരുതരം ആക്കി. സാമൂഹിക വ്യാപന ഭീഷണിയും സംസ്ഥാനം നേരിടുന്നുണ്ട്.
അതേസമയം കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുമ്പോഴും സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും എടുത്തു കളയാനുള്ള നടപടികളിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ തുറന്നു പ്രവര്‍ത്തിപ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.