ന്യൂഡല്‍ഹി : പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മറവില്‍ ആക്രമണത്തിന് നേതൃത്വം നല്കിയ വനിതാ ആക്ടിവിസ്റ്റുകളില്‍ ഒരാളെ വീണ്ടും പോലീസ് അറസ്റ്റ് ചെയ്തു. പിന്ജര തോഡ് സംഘടനാ ആക്ടിവിസ്റ്റ് നഡാഷാ നര്‍വാളിനെയാണ് വീണ്ടും പോലീസ് അറസ്റ്റ് ചെയ്തത്. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമ പ്രകാരമാണ് നര്‍വാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
നിലവില്‍ ഡല്‍ഹി കലാപത്തിനിടെ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് നഡാഷയും സുഹൃത്തും ആക്ടിവിസ്റ്റുമായ കാളിതയും മണ്ഡോളി ജയിലില്‍ കഴിയുകയാണ്. നേരത്തെ കലാപങ്ങള്‍ക്ക് നേതൃത്വം നല്കിയ കേസുമായി ബന്ധപ്പെട്ട് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ക്ക് കോടതി ജാമ്യം നല്‍കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതക കേസില്‍ പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ നഡാഷയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇതേ തുടര്‍ന്നാണ് കേസില്‍ നഡാഷയെ വീണ്ടും അറസ്റ്റ് ചെയ്തത്. കലാപം ആസൂത്രണം ചെയ്തതില്‍ നഡാഷക്കും പങ്കുണ്ടെന്നും പോലീസ് വ്യക്തമാക്കി.