കണ്ണൂര്‍ : അടുത്ത 48 മണിക്കൂറിനുള്ളില്‍ കേരള തീരത്ത് മറ്റൊരു ന്യൂന മര്‍ദ്ദത്തിന് കൂടി സാധ്യത. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ഒരു ന്യൂന മര്‍ദ്ദം കൂടി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മറ്റൊരു ന്യൂന മര്‍ദ്ദം കൂടി രൂപപ്പെടുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ തീര പ്രദേശങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. നേരത്തെ ഇരട്ട ന്യൂന മര്‍ദ്ദത്തിന് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് തന്നതിന്റെ അടിസ്ഥാനത്തില്‍ മത്സ്യബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധനം തുടരുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം മധ്യ- പശ്ചിമ അറബിക്കടലില്‍ രൂപം കൊണ്ടിരിക്കുന്ന ന്യൂനമര്‍ദ്ദം സംസ്ഥാനത്തെ കാലാവസ്ഥയെ ബാധിക്കില്ലെന്ന് നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ ഒമാനില്‍ നിന്നും 30 കിലോ മീറ്റര്‍ അകലെയാണ് ന്യൂനമര്‍ദ്ദം ഉള്ളത്. വരും മണിക്കൂറുകളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി മാറി വടക്ക്-പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.