ന്യൂഡല്‍ഹി: പൈലറ്റിന് കൊറോണ സ്ഥിരീകരിച്ചതോടെ എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. ഡല്‍ഹിയില്‍ നിന്ന് മോസ്കോയിലേക്ക് പോകുകയായിരുന്ന എ-360 നിയോ വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കിയത്. പകുതി വഴിയെത്തിയ വിമാനമാണ് പൈലറ്റിന് രോഗം സ്ഥിരീകരിച്ചതോടെ തിരിച്ചു വിളിച്ചത്.
വന്ദേ ഭാരത് മിഷന്റെ ഭാഗമായി മോസ്കോയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാനായി പുറപ്പെട്ട വിമാനത്തിലെ പൈലറ്റുമാരില്‍ ഒരാള്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. എന്നാല്‍, വിമാനത്തില്‍ യാത്രക്കാര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല എന്നത് ആശ്വാസമായി. ഉസ്ബക്കിസ്താന്റെ എയര്‍ സ്പേസിലെത്തിയ സമയത്താണ് വിമാനം തിരിച്ചിറക്കാന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് അധികൃതര്‍ പറഞ്ഞു.
ഉച്ചക്ക് 12.30ഓടെ തന്നെ വിമാനം തിരിച്ച് ഡല്‍ഹിയിലെത്തി. തിരിച്ചെത്തിയതിനു പിന്നാലെ പൈലറ്റ് ഉള്‍പ്പെടെയുള്ളവരെ ക്വാറന്റെയ്നില്‍ പ്രവേശിപ്പിച്ചു. അതേസമയം, മോസ്കോയില്‍ കുടുങ്ങിയവരെ തിരികെ എത്തിക്കാനായി മറ്റൊരു വിമാനം അയക്കുമെന്ന് അധികൃതര്‍ അറിയിച്ചു.