കൊച്ചി : മദ്യ വിൽപ്പനയ്ക്ക് തയ്യാറാക്കിയ ബെവ് ക്യു ആപ്പ് ഇനി പ്ലേ സ്റ്റോറിൽ നിന്നും നേരിട്ട് ഡൗൺലോഡ് ചെയ്യാം. ആപ്പിന്റെ ഇൻഡക്സ് നടപടികൾ ഗൂഗിൾ പൂർത്തിയാക്കി. അതേ സമയം ആപ്പിന്റെ അപാകതകൾ പരിഹരിക്കാൻ കഴിഞ്ഞില്ല.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി ആണ് സർക്കാരിന്റെ ബെവ് ക്യു ആപ്പിന് ഗൂഗിൾ അനുമതി നൽകിയത്. വെള്ളിയാഴ്ച ബുക്കിങ് ആരംഭിക്കുകയും ചെയ്തു. എന്നാൽ ബെവ് ക്യു ആപ്പ് പ്ലേ സ്റ്റോറിൽ നേരിട്ടു ലഭ്യമായിരുന്നില്ല. കമ്പിനി നൽകിയ ലിങ്ക് വഴിയാണ് ആപ്പ് ഡൗൺലോഡ് ചെയ്തിരുന്നത്. ആപ്പ് ഗൂഗിളിൽ എത്തിയാൽ അതിന്റെ ഇൻഡക്സ് നടപടികൾ പൂർത്തിയാക്കാൻ 3 ദിവസം വേണം. ഗൂഗിളിന്റെ ഈ നടപടികൾ പൂർത്തിയാക്കിയതോടെയാണ് ബെവ് ക്യു പ്ലേ സ്റ്റോറിൽ നേരിട്ട് ലഭ്യമായത്.
അതേ സമയം മദ്യവിതരണത്തിലെ അപാകതകൾ ഇനിയും പൂർണമായും പരിഹരിക്കാൻ കമ്പിനിയായ ഫെയർ കോഡിന് കഴിഞ്ഞിട്ടില്ല. ഒ ടി പി സേവന ദാതാക്കളുടെ എണ്ണം 3 ആക്കിയതോടെ മദ്യം ബുക്ക് ചെയ്യുന്നതിലെ കാലതാമസം പരിഹരിച്ചിട്ടുണ്ട്. എന്നാൽ മദ്യ വിൽപ്പന കേന്ദ്രങ്ങളിൽ ആപ്പ് ഇനിയും പൂർണ സജ്ജമായിട്ടില്ല. അതേ സമയം ഒ ടി പി ദാതാക്കളുടെ വീഴ്ചയാണ് ആദ്യ രണ്ടു ദിനം പ്രതിസന്ധി ഉണ്ടാക്കിയതെന്നും ഇതു പരിഹരിച്ചതായും ഫെയർ കോഡ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്.