ന്യൂഡല്‍ഹി: തുടര്‍ച്ചയായി രണ്ടാം ദിവസവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്ത് നാലാം ഘട്ട ലോക്ക് ഡൗണ്‍ നാളെ അവസാനിക്കാനിരിക്കെയാണ് അമിത് ഷാ വീണ്ടും പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍വെച്ചാണ് കൂടിക്കാഴ്ച നടന്നത്. ലോക്ക് ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇരുവരും ചര്‍ച്ച ചെയ്തത്. കഴിഞ്ഞ ദിവസവും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച നടന്നത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ അടുത്ത ഘട്ടം സംബന്ധിച്ചുള്ള ചര്‍ച്ചകളാണ് രാജ്യത്ത് ഇപ്പോള്‍ പുരോഗമിക്കുന്നത്.
മെയ് 28ന് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി അമിത് ഷാ ആശയവിനിമയം നടത്തിയിരുന്നു. നാലാം ഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കാനിരിക്കെയാണ് അദ്ദേഹം മുഖ്യമന്ത്രിമാരുടെ അഭിപ്രായം തേടിയത്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് 15 ദിവസത്തേക്ക് കൂടി ലോക്ഡൗണ്‍ നീട്ടണമെന്ന ആവശ്യം മുന്നോട്ടുവെച്ചിരുന്നു. അതേസമയം, രണ്ടാഴ്ചത്തേക്ക് കൂടി നിയന്ത്രണങ്ങളില്‍ ഇളവു നല്കി ലോക്ക് ഡൗണ്‍ നീട്ടാനാണ് സാധ്യതയെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തീവ്ര ബാധിത മേഖലകളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കാനാണ് സാധ്യത.