ഹൈദരാബാദ്: ശ്രമിക് സ്പെഷ്യല്‍ ട്രെയിനുകളില്‍ സഞ്ചരിക്കുന്ന വിവിധ ഭാഷാ തൊഴിലാളികളുടെ വിശപ്പകറ്റി ആര്‍എസ്എസ്. ലഭ്യമായ ചുരുങ്ങിയ സമയത്തിനുള്ളില്‍ ആയിരത്തിലധികം ഭക്ഷണപ്പൊതികളാണ് ആര്‍എസ്എസ് വിതരണം ചെയ്തത്. വെറും 8 മണിക്കൂറിനുള്ളിലാണ് ഭക്ഷണം പാചകം ചെയ്ത് പൊതികളിലാക്കി വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ വിതരണം ചെയ്തത്.
ഹൈദരാബാദ്, സെക്കന്ദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് ഭക്ഷണ വിതരണത്തിന് നേതൃത്വം നല്‍കിയത്. ഏകദേശം 15,000ത്തോളം ചപ്പാത്തികളും 14,000ത്തോളം പൂരികളുമാണ് വിവിധ ഭാഷാ തൊഴിലാളികള്‍ക്കായി പാകം ചെയ്തത്. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളാണ് പാചകം ഏറ്റെടുത്ത് വിജയിപ്പിച്ചത്.
സെക്കന്ദരാബാദില്‍ നിന്നും 10 ട്രെയിനുകള്‍, ലിംഗപ്പള്ളിയില് നിന്നും 8, കച്ചെഗുഡയില്‍ നിന്നും 4, ബൊളാറമില് നിന്നും 3 എന്നിങ്ങനെ പുറപ്പെട്ട ട്രെയിനുകളിലെ യാത്രക്കാര്‍ക്കാണ് ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ഭക്ഷണപ്പൊതികളും കുടിവെള്ളവും വിതരണം ചെയ്തത്. രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ദുരിതമനുഭവിക്കുന്നവര്‍ക്കായി നിരവധി സഹായ പ്രവര്‍ത്തനങ്ങളാണ് ആര്‍എസ്എസിന്റേയും സേവാ ഭാരതിയുടേയും നേതൃത്വത്തില്‍ നടന്നുവരുന്നത്.