തിരുവനന്തപുരം : വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെ പോലീസുകാരുടെ പരിശോധന ഫലം നെഗറ്റീവ്. സി.ഐ ഉൾപ്പടെയുള്ള എട്ട് പോലീസ് ഉദ്യോഗസ്ഥരുടെ ഫലമാണ് നെഗറ്റീവ് ആയത്. ബാക്കിയുള്ള പോലീസുകാരുടെ ഫലം വരും ദിവസങ്ങളിൽ അറിയാം. റിമാൻഡ് പ്രതിയ്ക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് 30 ഓളം പോലീസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോയത്.
റിമാൻഡ് പ്രതിയ്ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ വെഞ്ഞാറമൂട് സമൂഹ വ്യാപനത്തിന്റെ ഭീതിയിലാണ്. പോലീസ് സ്റ്റേഷനിലെ 30ഓളം പോലീസുകാർ ആദ്യ ഘട്ടത്തിൽ നിരീക്ഷണത്തിൽ പോയിരുന്നു. ഇതിൽ സി.ഐ ഉൾപ്പടെയുള്ള എട്ട് പോലീസുകാരുടെ പരിശോധന ഫലമാണ് ഇന്ന് പുറത്തു വന്നത്, എല്ലാവർക്കും നെഗറ്റീവ് ആണ്.
സി.ഐ അടക്കമുള്ള പോലീസുകാരോട് നേരിട്ട് സമ്പർക്കത്തിൽ ഉണ്ടായതിനാൽ വാമനപുരം എംഎൽഎ ഡി. കെ മുരളി, നടൻ സൂരജ് വെഞ്ഞാറമൂട്, നെല്ലനാട് പഞ്ചായത്തു പ്രസിഡന്റ് സുജിത് എസ് കുറുപ്പ് തുടങ്ങിയവർ വീടുകളിൽ നിരീക്ഷണത്തിൽ ആയിരുന്നു. സി.ഐ യുടെ പരിശോധന ഫലം നെഗറ്റീവ് ആയ സാഹചര്യത്തിൽ ഇവരുടെ നിരീക്ഷണം അവസാനിപ്പിക്കും. ബാക്കിയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പരിശോധന ഫലം നാളെയും മറ്റന്നാളുമായി അറിയാം. കഴിഞ്ഞ ദിവസം രണ്ട് പ്രതികൾക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെത്തിയ മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സമൂഹ വ്യാപനത്തിന്റെ ഭീതി നിലനിൽക്കുന്നതിനാൽ വെഞ്ഞാറമൂട് ഉൾപ്പെടുന്ന നെല്ലനാട് പഞ്ചായത്തിനെയും സമീപത്തുള്ള അഞ്ച് പഞ്ചായത്തുകളെയും കണ്ടൈൻമെൻറ് സോണാക്കി മാറ്റിയിരുന്നു.