ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ആക്ടിവിസ്റ്റ് നടാഷ നര്‍വാളിനെതിരെ യുഎപിഎ ചുമത്തി ഡല്‍ഹി പോലീസ്. കലാപത്തില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിവാദമായ പിഞ്ച്ര തോഡ് സ്ത്രീപക്ഷ കൂട്ടായ്മ നേതാവും ജെഎന്‍യു വിദ്യാര്‍ത്ഥിയുമായ നടാഷ തീവ്ര ഇടതുപക്ഷ പ്രവര്‍ത്തകയാണ്.
ഡല്‍ഹി കലാപത്തില്‍ യുഎപിഎ നിയമം ചുമത്തപ്പെടുന്ന ഒമ്പതാമത്തെയാളാണ് നടാഷ. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് നടാഷയേയും സുഹൃത്ത് ദേവാംഗന കലിതയേയും കഴിഞ്ഞ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഫെബ്രുവരി 24ന് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ പ്രകാരമായിരുന്നു അറസ്റ്റ്. എന്നാല്‍, ഇവര്‍ക്ക് പിന്നീട് ജാമ്യം ലഭിച്ചു.
ഇതിനു പിന്നാലെ, കൊലപാതക കേസുമായി ബന്ധപ്പെട്ട് ഇവരെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. ഡല്‍ഹി പോലീസ് ഇവരെ രണ്ട് ദിവസം കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. തുടര്‍ന്നാണ് ഗൂഢാലോചന കുറ്റത്തിന് യുഎപിഎ ചുമത്തിയത്. നടാഷയേയും ദേവാംഗനയേയും ജൂണ്‍ 11 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.