കോട്ടയം: കൊറോണ വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ച മഹാത്മാഗാന്ധി സര്‍വ്വകലാശാല ആറാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ നാളെ പുനരാരംഭിക്കും. ജൂണ്‍ 1,3,5,6 തീയതികളിലായി ആറാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ പൂര്‍ത്തീകരിക്കും. നേരത്തെ, മെയ് 26ന് വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
ലോക്ക് ഡൗണ്‍ മൂലം മറ്റു ജില്ലകളില്‍ അകപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് നിലവില്‍ താമസിക്കുന്ന ജില്ലയില്‍ പരീക്ഷയെഴുതുന്നതിന് രജിസ്ട്രേഷന് പൂര്‍ത്തീകരിച്ചിരുന്നു. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് നിലവില്‍ താമസിക്കുന്ന ജില്ലയിലെ പരീക്ഷകേന്ദ്രത്തില്‍ പരീക്ഷയെഴുതാന്‍ സൗകര്യമൊരുക്കും. ജൂണ്‍ 8,9,10 തീയതികളില്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ അതത് കോളേജുകളില്‍ നടക്കും. പ്രൊജക്ട്, വൈവ എന്നിവ ഒരു ദിവസം കൊണ്ട് അതത് കേന്ദ്രങ്ങളില്‍ പൂര്‍ത്തീകരിക്കും.
ജൂണ്‍ 12ന് പ്രാക്ടിക്കല്‍ പരീക്ഷകളുടെ മാര്‍ക്ക് സര്‍വ്വകലാശാലയ്ക്കു നല്‍കണം. കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് ഇത്തവണ എക്സ്റ്റേണല്‍ എക്സാമിനര്മാരെ നിയമിക്കില്ല. അതത് കോളേജിലെ അധ്യാപകര്‍ക്കാണ് ചുമതല. ജൂണ്‍ 11 മുതല്‍ ഹോംവാല്യുവേഷന്‍ രീതിയില്‍ മൂല്യനിര്‍ണയം ആരംഭിക്കുമെന്നും അറിയിപ്പുണ്ട്. അഞ്ചാം സെമസ്റ്റര്‍ യു.ജി. പ്രൈവറ്റ് പരീക്ഷകള്‍ ജൂണ്‍ 8 മുതല്‍ നടക്കും.
പരീക്ഷാകേന്ദ്രങ്ങളുടെ വിശദ വിവരങ്ങള്‍ സര്‍വ്വകലാശാല വെബ്സൈറ്റിലും സര്‍വ്വകലാശാലയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലും ലഭ്യമാണ്.