തിരുവനന്തപുരം : സംസ്ഥാനത്ത് ദീര്‍ഘദൂര തീവണ്ടി സര്‍വ്വീസ് ഇന്നു മുതല്‍ ആരംഭിക്കും. ജനശതാബ്ദി ഉള്‍പ്പെടെയുള്ള തീവണ്ടികളാണ് ഇന്ന് മുതല്‍ ഓടി തുടങ്ങുന്നത്. യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ കൗണ്ടറുകള്‍ വഴിയും ഓണ്‍ലൈന്‍ ആയും ബുക്ക് ചെയ്യാം. തീവണ്ടികളുടെ സമയവും സ്റ്റോപ്പുകളുടെയും വിശദവിവരങ്ങള്‍ കഴിഞ്ഞ ദിവസം റെയില്‍ വേ പുറത്തുവിട്ടിട്ടുണ്ട്.
കൊറോണ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമാണ് തീവണ്ടി യാത്രക്ക് അനുവദിക്കുക. യാത്രക്കാര്‍ ഒന്നര മണിക്കൂര്‍ മുന്‍പ് തന്നെ റെയില്‍വേ സ്റ്റേഷനില്‍ എത്തണം. ടിക്കറ്റ് ഉള്ള യാത്രക്കാരെ മാത്രമേ പ്ലാറ്റ്ഫോമിലേക്ക് കടത്തിവിടുകയുള്ളൂ. റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്ക് ധരിച്ചിരിക്കണം.
തീവണ്ടികളിലെ ജനറല്‍ കംപാര്‍ട്ട്മെന്റുകളില്‍ യാത്രക്ക് അനുമതിയില്ല. യാത്രക്കാര്‍ സര്‍ക്കാര്‍ ക്വാറന്റൈന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കില്ല. തീവണ്ടികള്ക്കകത്തെ പാന്‍ട്രിക്ക് പ്രവര്‍ത്തനാനുമതി ഇല്ല. എസി, സ്ലീപ്പര്‍ കോച്ചുകളില്‍ മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കും. യാത്ര തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും യാത്രക്കാരെ വൈദ്യ പരിശോധനക്ക് വിധേയമാക്കും.
ഇന്ന് മുതല്‍ ആരംഭിക്കുന്ന തീവണ്ടികളുടെ സമയക്രമം
* തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി (02076): തിരുവനന്തപുരത്തുനിന്ന് പുലര്‍ച്ചെ 5.45ന് പുറപ്പെടും. മടക്കം കോഴിക്കോട്ടുനിന്ന് പകല്‍ 1.45ന് (എല്ലാദിവസവും)
* തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി (02082): തിരുവനന്തപുരത്തുനിന്ന് പകല്‍ 2.45ന് പുറപ്പെടും (ചൊവ്വാഴ്ചയും ശനിയാഴ്ചയും ഒഴികെ). മടക്കം കണ്ണൂരില്‍നിന്ന് പുലര്‍ച്ചെ4.50ന് പുറപ്പെടും (ബുധനാഴ്ചയും ഞായറാഴ്ചയും ഒഴികെ).
* തിരുവനന്തപുരം-ലോകമാന്യ തിലക് (06346): തിരുവനന്തപുരത്തുനിന്ന് പകല്‍ 9.30ന് പുറപ്പെടും. മടക്കം ലോക്മാന്യ തിലകില്‍നിന്ന് പകല്‍ 11.40ന് (എല്ലാദിവസവും).
* എറണാകുളം ജങ്ഷന്-നിസാമുദീന്‍ മംഗള എക്സ്പ്രസ് (02617): എറണാകുളത്തുനിന്ന് പകല്‍ 1.15ന് പുറപ്പെടും. മടക്കം നിസാമുദീനില്‍നിന്ന് രാവിലെ 9.15ന് (എല്ലാ ദിവസവും).
* എറണാകുളം ജങ്ഷന്-നിസാമുദീന്‍ (തുരന്തോ) എക്സ്പ്രസ് (02284): എറണാകുളത്തുനിന്ന് ചൊവ്വാഴ്ചകളില്‍ രാത്രി 11.25ന് പുറപ്പെടും. മടക്കം ശനിയാഴ്ചകളില്‍ നിസാമുദീനില്‍ നിന്ന് രാത്രി 9.35 ന് .
* തിരുവനന്തപുരം സെന്‍ട്രല്‍-എറണാകുളം ജങ്ഷന് (06302): പ്രതിദിന പ്രത്യേക തീവണ്ടി തിങ്കളാഴ്ച പകല്‍ 7.45 മുതല്‍ സര്‍വീസ് ആരംഭിക്കും.
* എറണാകുളം ജങ്ഷന്-തിരുവനന്തപുരം (06301): പ്രതിദിന പ്രത്യേക തീവണ്ടി പകല്‍ ഒന്നിന് പുറപ്പെടും.
* തിരുച്ചിറപ്പള്ളി-നാഗര്‍കോവില്‍ (02627): പ്രതിദിന സൂപ്പര്‍ ഫാസ്റ്റ് തിങ്കളാഴ്ച പകല്‍ ആറുമുതല്‍ സര്‍വീസ് ആരംഭിക്കും. മടക്കം പകല്‍ മൂന്നിന് നാഗര്‍കോവിലില്‍ നിന്നും പുറപ്പെടും.
തിരുവനന്തപുരം – ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസിന് ചെറുവത്തൂരില്‍ സ്റ്റോപ്പ് ഉണ്ടായിരിക്കില്ല. എറണാകുളം ജംഗ്ഷനും ഡല്‍ഹിക്കും ഇടയില്‍ സര്‍വ്വീസ് നടത്തുന്ന മംഗളാ ലക്ഷദ്വീപ് എക്സ്പ്രസിന്റെ ആലുവ, പട്ടാമ്പി, കുറ്റിപ്പുറം, തിരൂര്‍, പരപ്പനങ്ങാടി, ഫറോക്, കൊയിലാണ്ടി, വടകര, തലശ്ശേരി, പഴയങ്ങാടി, പയ്യന്നൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട് സ്റ്റോപ്പുകള്‍ ഒഴിവാക്കിയിട്ടുണ്ട്.