ന്യൂഡൽഹി : ഡൽഹിയിൽ കൊറോണ രോഗികളുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ ദിവസം ഡൽഹി സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം 19,844 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1295 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ മാത്രം 13 പേർക്കാണ് ഡൽഹിയിൽ ജീവൻ നഷ്ട്ടപ്പെട്ടത്. 473 പേർ ഡൽഹിയിൽ വൈറസ് ബാധിച്ച് മരിച്ചു.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മൂവായിരത്തിലധികം പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വരും ദിവസങ്ങൾ ഡൽഹിയെ സംബന്ധിച്ച് നിർണായകമാണെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
അതേസമയം കൊറോണ മരണങ്ങൾ റിപ്പോർട്ട് ചെയ്യാൻ വൈകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ എയിംസ് ഉൾപ്പെടെയുള്ള ആശുപത്രികൾക്ക് ഡൽഹി സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകി. എയിംസിന് പുറമേ സഫ്ദർജംഗ്, ആർ എം എൽ, ലോക് നായക് തുടങ്ങിയ ആശുപത്രികളും വിശദീകരണം നൽകണം. ആശുപത്രികളും സർക്കാരും നൽകുന്ന കണക്കുകളിൽ അവ്യക്തത ഉണ്ടായിരുന്നത് നേരത്തെ വിവാദം ഉയർത്തിയിരുന്നു.