ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍ സൈന്യം. ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. രജൗരി ജില്ലയിലെ നൗഷേര സെക്ടറിലാണ് സംഭവം.
നൗഷേര സെക്ടറിലെ കലാല്‍ പ്രദേശത്ത് ഒരു സംഘം ഭീകരര്‍ നുഴഞ്ഞുകയറന്‍ ശ്രമിക്കുന്നത് സൈനികരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തടയാന്‍ എത്തിയ സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. സൈനികര്‍ നടത്തിയ ശക്തമായ തിരിച്ചടിയിലാണ് മൂന്ന് ഭീകരരെ വധിച്ചത്.
കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭീകര്‍ നുഴഞ്ഞുകയറാന്‍ ശ്രമം നടത്തിയിരിക്കുന്നത്.
നേരത്തെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ഭീകരര്‍ പാക് അധീന കശ്മീരില്‍ താവളമടിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ നുഴഞ്ഞു കയറ്റ ശ്രമങ്ങള്‍ക്ക് സാദ്ധ്യതയുള്ളതായും നേരത്തെ ഇന്റലിജന്‍സ് വൃത്തങ്ങള്‍ മുന്നറിയിപ്പ് തന്നിരുന്നു. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ അതീവ ജാഗ്രതയാണ് സൈന്യം പുലര്‍ത്തുന്നത്. വരും ദിവസങ്ങളിലും നുഴഞ്ഞു കയറ്റ ശ്രമങ്ങള്‍ക്ക് സാദ്ധ്യതയുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം ഭീകരരുടെ ഏതു നീക്കവും പരാജയപ്പെടുത്താന്‍ സജമാണെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി.