ന്യൂഡൽഹി: രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8392 പേർക്കാണ് രാജ്യത്ത് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യയിൽ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 1,90,535 ആയി ഉയർന്നു. 91,819 പേർ രോഗമുക്തി നേടിയിട്ടുണ്ട്.
5394 പേർക്ക് വൈറസ് ബാധയെ തുടർന്ന് ഇതുവരെ ജീവൻ നഷ്ടമായിട്ടുണ്ട്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 230 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്.
കൊറോണ വൈറസ് ഏറ്റവുമധികം ബാധിച്ചിരിക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്.67,665 പേർക്കാണ് സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവുമധികം മരണ നിരക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്ന സംസ്ഥാനവും മഹാരാഷ്ട്ര തന്നെയാണ്. 2,286 മരണങ്ങളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തമിഴ്നാട്, ഗുജറാത്ത്, ഡൽഹി എന്നിവിടങ്ങളിലും കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. തമിഴ്നാട്ടിൽ 22,333 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഗുജറാത്തിൽ 16,779 പോസിറ്റീവ് കേസുകളും ഡൽഹിയിൽ 19000 ത്തിൽ അധികം കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.