കൊച്ചി: പ്രളയ ദുരിതാശ്വാസ ക്യാമ്പിന്റെ പേരിൽ പണപ്പിരിവ് നടത്തിയ സിപിഎം നേതാവ് അറസ്റ്റിൽ. എറണാകുളം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും നഗരസഭാ കൗൺസിലറുമായ സി എ നിഷാദിനെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കാക്കനാട് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടർന്നായിരുന്നു അറസ്റ്റ്.
അറസ്റ്റ് ചെയ്ത പ്രതിയെ പൊലീസ് പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ദുരിതാശ്വാസ ക്യാമ്പിനായി വ്യക്തികൾ നേരിട്ട് പണം സ്വീകരിക്കരുതെന്ന നിർദ്ദേശം നിലനിൽക്കെ നിഷാദ് വാട്ട്സ് ആപ്പ് കൂട്ടായ്മ ഉണ്ടാക്കി പണം പിരിച്ചത്.
പൊതുപ്രവർത്തകനായ മാഹിൻ കുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാക്കനാട് മജിസ്ട്രേറ്റ് കോടതി നിർദ്ദേശപ്രകാരം ഐ പി സി 406, 417, 420 വകുപ്പുകൾ ചേർത്ത് തൃക്കാക്കര പോലീസ് ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് നിഷാദ് ജില്ലാ കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം നേടിയത്. കൊറോണ പശ്ചാത്തലത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനും ചെയ്താൽ ജാമ്യം അനുവദിക്കാനും കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ് വിട്ടയച്ചത്.